---
title: "'ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും'; പ്രമേയം പാസാക്കി സിപിഐഎം"
english_title: "CPM Says ED Action Political Vendetta Against Pinarayi Vijayan and Muhammed Riyas To Fight Legally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382778/ cpm-ed-political-vendetta-resolution-pinarayi-vijayan-riyaas-cmrl-exalogic-new"
published_at: "2026-09-15T16:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa928c77f299_cpm-ed-political-vendetta-resolution-pinarayi-vijayan-riyaas-cmrl-exalogic.jpg"
keywords: ["CPM", "ED Raid", "Pinarayi Vijayan", "Muhammed Riyas", "Exalogic CMRL Case", "CPIM State Committee"]
---

# 'ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും'; പ്രമേയം പാസാക്കി സിപിഐഎം

> **Lead Summary:** കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്നുവെന്ന് ആരോപിക്കുന്ന രാഷ്ട്രീയ വേട്ടയെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്ന് സി.പി.ഐ.എം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

## Article Content

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്നുവെന്ന് ആരോപിക്കുന്ന രാഷ്ട്രീയ വേട്ടയെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്ന് സി.പി.ഐ.എം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസിനെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടികളെന്നും സി.പി.ഐ.എം ആരോപിച്ചു.

എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് ഇടപാട് നടത്തിയതെന്ന് പ്രമേയത്തിൽ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ആദായനികുതിയും ജി.എസ്.ടിയും അടച്ചിട്ടുണ്ടെന്നും സേവനങ്ങൾക്ക് പ്രതിഫലം ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈപ്പറ്റിയതെന്നും പാർട്ടി വ്യക്തമാക്കി.

സി.എം.ആർ.എൽ അധികൃതർ സേവനം ലഭിച്ചതായി ആദായനികുതി അധികൃതർക്ക് സത്യവാങ്മൂലം നൽകിയിരുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

സി.എം.ആർ.എല്ലിനെതിരായ ആരോപണങ്ങളിൽ വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും നടപടികൾ തള്ളിയിട്ടുണ്ടെന്നും സി.പി.ഐ.എം അവകാശപ്പെട്ടു. ഇപ്പോൾ ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്ത് നേരത്തെ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ നൽകിയ പരാതികളുടെ ആവർത്തനമാണെന്നും പ്രമേയത്തിൽ വിമർശിച്ചു.

പിണറായി വിജയന്റെ വീടുകളിലടക്കം നടത്തിയ പരിശോധനകളിലും മുഹമ്മദ് റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിലെ പരിശോധനകളിലും കേസെടുക്കാനുള്ള തെളിവുകൾ കണ്ടെത്താനായില്ലെന്നും പാർട്ടി ആരോപിച്ചു. സി.എം.ആർ.എൽ ഓഫീസിൽ നിന്ന് ലഭിച്ചെന്ന് പറയുന്ന രേഖകളിൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും 182 കോടി രൂപ നൽകിയതിന്റെ വിവരങ്ങളുണ്ടെന്ന ഇ.ഡി.യുടെ വാദവും പ്രമേയം ചോദ്യം ചെയ്തു.

അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, ഹേമന്ത് സോറൻ എന്നിവർക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടികളും പ്രമേയത്തിൽ പരാമർശിച്ചു. കേരളത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾക്ക് യു.ഡി.എഫ് പിന്തുണ നൽകുന്നുവെന്നും സി.പി.ഐ.എം ആരോപിച്ചു.

ഇ.ഡി. നടപടികളെക്കുറിച്ചുള്ള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും സി.പി.ഐ.എം അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382778/ cpm-ed-political-vendetta-resolution-pinarayi-vijayan-riyaas-cmrl-exalogic-new)